—————————————
“കുഞ്ഞാപ്പു, ഞ്ഞി എനക്കൊരു സഹായം ചെയ്യണം. ബാങ്കില് പോയി ഈ പൈസ ന്റെ അക്കൗണ്ടിൽ ഒന്ന് ഇടണം. എനക്ക് സമയോല്ലാത്ത കൊണ്ടാ”
“അല്ല കുട്ടാപ്പു, ഞ്ഞ് ഏത് ലോകത്താ? ഇതിനൊക്കെ ഇപ്പോ ബാങ്കിൽ പോണാ? ടെക്കനോളജി വളർന്നതൊന്നും ഞ്ഞ് അറിഞ്ഞില്ലേ?. ഇമ്മളെ അങ്ങാടീലും വന്നില്ലേ സി ഡി എം. അയിൽ കൊണ്ടോയങ്ങ് ഇട്ടാ മതി. അഞ്ച് മിനിറ്റിന്റെ പരിപാടിയെ ള്ളൂ”
“ആ പിന്നെ, സി ഡി യിൽ അല്ലേ ഇപ്പോ പൈസ ഇട്ന്ന്. ഞ്ഞ് ഇന്റെ തള്ള് ദേശം കൊറക്കണെ”
“ന്റെ ചങ്ങായി മ്മളെ വട്ടത്തിലെ സി ഡി അല്ല. സി ഡി എം. കായി ഡെപ്പോസിറ്റ് മിഷിൻ. ഇഞ്ഞി ഇപ്പോ തന്നെ കൂടെ വാ ഞമ്മള് ഇട്ട് കണിച്ചേരാ”
“ആരാന്റെന്ന് വായ്പ്പം മാങ്ങ്യ പൈസ്യാ. ഈ സി ഡി എമ്മിൽ എല്ലാം കൊണ്ടായി ഇട്ടിട്ട് അവസാനം എടങ്ങാറ് ആവരുത്”
“ഞ്ഞി ധൈര്യായിട്ട് വാ. അങ്ങ് ദുഫായിൽ കുഞ്ഞാപ്പു എത്ര സി ഡി എം കണ്ടതാ. ഇഞ്ഞൊന്നും ടെക്കനോളജി വളർന്നത് അറിയാത്തേന്റെ കൊയപ്പാ”
അങ്ങനെ രണ്ടാളും സി ഡി എം കൗണ്ടറിൽ എത്തി. ഉള്ളിലേക്ക് കടന്നതും സി ഡി എമ്മിന്റെ കാഷ് ഇടുന്ന സ്ഥലം ഓപ്പൺ ആയി
“ദേ ഇവിടെ പൈസ ഇട്ടോളി”
“അല്ല കുഞ്ഞാപ്പു, ഈല് കാർഡൊന്നും ഇടണ്ടേ??”
“ഇതാ ഞാൻ പറഞ്ഞത് ഇഞ്ഞ് ടെക്കനോളജി വളർന്നത് അറിഞ്ഞിക്കില്ല ന്ന്. എടോ ഇപ്പോ ഫേസ് ഡിറ്റക്ഷൻ അല്ലേ. ഇഞ്ഞ് ഇവിടെ കേറിയപ്പോ തന്നെ ഫേസ് ഡിറ്റക്ട് ചെയ്ത്. ഇനി ഈല് പൈസ ഇട്ടാ മാത്രം മതി. അക്കൗണ്ടിൽ കേറിക്കോളും”
“തന്നെ?? ന്നാലും കുഞ്ഞാപ്പു ഞ്ഞ് ഇതൊക്കെ എങ്ങന പഠിച്ച്?”
“ ബാട്സാപ്പിൽ ബെർതേ തോണ്ട്യ പോര. എടക്ക് ടെക്ക് ന്യൂസെല്ലം വായിക്കണം. സമയം കളയാണ്ട് വേഗം പൈസ ഇട്. ആഹ് .. ആട ഞെക്ക്, ഇബ്ഡ ഞെക്ക്, ഒന്നൂടെ ഞെക്ക്. ഓക്കെ അങ്ങനെ പൈസ അക്കൗണ്ടിൽ ആയി. കണ്ടില്ലേ ട്രാൻസാക്ഷൻ സക്സസ്”
“അല്ല കുഞ്ഞാപ്പൂ ഇതിന് മെസേജ് വേരൂലെ”
“മെസേജ് വെരണ്ടതാണ്. വന്നിക്കില്ല ?? ഒന്നൂടെ ഫോണിൽ നോക്കിക്കേ”
കുട്ടാപ്പു പിന്നെയും ഫോണിൽ നോക്കിയെങ്കിലും മെസേജ് ഒന്നും വന്നില്ല. സംശയത്തോടെ കുഞ്ഞാപ്പുവിനെ നോക്കി.
“ന്റെ പൈസ പോയോ??”
“ അതീ ബാങ്കുകാര് എടക്കിങ്ങനെയാ മെസേജ് അയക്കാൻ ഭയങ്കര മടിയാ”
ആശങ്ക പുക പോലെ നിറഞ്ഞ് ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പുറത്ത് നിന്നൊരാൾ അകത്തേക്ക് വന്നത്.
“അയ്യോ നിങ്ങൾ അതിൽ ക്യാഷ് ഇട്ടോ ? ഞാൻ ക്യാഷ് ഇടാൻ വേണ്ടി പ്രോസസ് ചെയ്ത് വെച്ചതായിരുന്നു. ഒരു കോൾ വന്നപ്പോ റേഞ്ച് കിട്ടാത്തോണ്ട് പുറത്ത് പോയതാ. ഇതിപ്പോ എന്റെ അക്കൗണ്ടിലേക്ക് ആയിരിക്കും ക്യാഷ് വന്നിട്ടുണ്ടാവുക”
“അയ്യോ… എടാ കുഞ്ഞാപ്പൂ അപ്പോഴേ ഞാൻ പറഞ്ഞതല്ലേ. ഇനിയിപ്പോ എന്റെ പൈസക്ക് ഞാൻ എന്ത് ചെയ്യും”
“അങ്ങനെ വരാൻ വഴിയില്ലല്ലോ, ഇതിന്റെ ഫേസ് ഡിറ്റക്ഷൻ കംപ്ലൈന്റ് ആയോ എന്തോ”
“ഇന്റെയൊരു ഫേസ് ഡിറ്റക്ഷൻ. നിർത്തിക്കോ തള്ളൽ. മര്യാദക്ക് എന്റെ പൈസക്ക് ഒരു വഴി ഇണ്ടാക്കി താ”
“ഇഞ്ഞ് ഇങ്ങനെ തുള്ളല്ലേ. ഞാൻ മൂപ്പരോടൊന്ന് സംസാരിക്കട്ടെ.
ബൈദുബൈ പറ്റാനുള്ളത് പറ്റി. ഇങ്ങളെ കയ്യിൽ ഗൂഗിൾ പേ ണ്ടോ”
“ഉം”
“ന്നാ ആ പൈസ ഒന്ന് മ്മളെ കുട്ടാപ്പുന് ഗൂഗിൾ പേയിൽ അയച്ച് കൊടുക്ക്വോ”
അയാൾ ആദ്യം ഒന്ന് മടിച്ച് നിന്നു. പെട്ടെന്ന് അത് വരെ പന പോലെ നിന്നിരുന്ന കുഞ്ഞാപ്പു കാറ്റടിച്ചത് പോലെ അയാളുടെ കാലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു
“പ്ലീസ് ഇല്ലെങ്കിൽ ഈ ചെങ്ങായി എന്നെ ചുരുട്ടി കൂട്ടി സി ഡി എമ്മിൽ ഇടും”
“ശരി ശരി. ഞാൻ പൈസ ട്രാൻസ്ഫർ ചെയ്യാം”
അങ്ങനെ പറ്റിയ അമളിയിൽ നിന്നും തൽക്കാലം രക്ഷപ്പെട്ട് അവർ തിരികെ നടന്നു.
“കുഞ്ഞാപ്പു, മേലാൽ ഇനി അറിയാൻ പാടില്ലാത്ത കാര്യങ്ങൾ തള്ളാൻ നിൽക്കരുത്”
“ ശേടാ.. ഇനിക്കിപ്പോ ബാങ്കിൽ പോവാണ്ട് പൈസ അക്കൗണ്ടിൽ ആയില്ലേ?? അതാണ് ഞമ്മൾ പറഞ്ഞ ടെക്കനോളജിയുടെ വളർച്ച”
കുട്ടാപ്പു കല്ലെടുക്കാനായി കുനിഞ്ഞപ്പോഴേക്കും കുഞ്ഞാപ്പു ഉസൈൻ ബോൾട്ടിനെ അനുസ്മരിപ്പിക്കുന്ന ഓട്ടം ആരംഭിച്ചു കഴിഞ്ഞിരുന്നു!!
✍️രാഹുൽ രാജ്