മലയാള സിനിമയുടെ ദേവസംഗീതം ജി.ദേവരാജന്റെ ശിഷ്യനായി സിനിമയിലെത്തിയ ജോൺസൺ, ദേവരാജനു ശേഷം ഏറ്റവും കൂടുതൽ മലയാള സിനിമയ്ക്കു സംഗീതമൊരുക്കിയ സംഗീതസംവിധായകനാണ്. തൃശൂരിലെ നെല്ലിക്കുന്നിൽ 1953 മാർച്ച് 26 നാണ് ജോൺസൺ ജനിച്ചത്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം, ചെറുപ്പകാലത്തു തന്നെ ഗിത്താറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച്ചു. 1968ൽ ജോൺസണും ചില സുഹൃത്തുക്കളും രൂപീകരിച്ച വോയ്സ് ഓഫ് തൃശൂർ എന്ന ട്രൂപ്പിലെ കണ്ടക്ടറായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനു ശേഷം മദ്രാസിൽ എത്തിയ ജോൺസൺ ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റായി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്ന ജോൺസൺ ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്.