കിടങ്ങയം
ഇബ്‌റാഹീം മുസ്‌ലിയാര്‍
കേരളീയ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ഇതിഹാസ സമാനമായ ജീവിതം നയിച്ച പണ്ഡിത പ്രതിഭയാണ് കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍. സ്വാതന്ത്ര്യ സമര സേനാനി, അറബി സാഹിത്യത്തിലെ കുലപതി, ആയുര്‍വേദിക് യൂനാനി വെദ്യശാസ്ത്രത്തിലെ ഗവേഷകന്‍, സഞ്ചാരി, അധ്യാപകന്‍, പ്രഭാഷകന്‍, ബഹുഭാഷാ പണ്ഡിതന്‍, സൂക്ഷ്മശാലിയായ സൂഫി തുടങ്ങിയ വിശേഷണങ്ങള്‍ക്കര്‍ഹനായ അദ്ദേഹത്തിന്റെ ജീവിതം വിജ്ഞാനത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു.
പട്ടിക്കാട് കാടന്‍തൊടിക കെ.ടി മൊയ്തു മൊല്ല-കാരാട്ട്‌തൊടി കെ. മൊയ്തുട്ടി മകള്‍ ഫാത്തിമ ദമ്പതികളുടെ മകനായി 1897/1315-ലാണ് ജനനം. പട്ടിക്കാട് കക്കാടന്‍ കുഞ്ഞാലന്‍ ഹാജിയില്‍ നിന്നായിരുന്നു പ്രാഥമിക മതപഠനം. പട്ടിക്കാട് സ്‌കൂളില്‍ നിന്നും ഭൗതിക വിദ്യാഭ്യാസവും നേടി. പിന്നീട് അമാനത്ത് ഹസന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് കരുവാരക്കുണ്ടില്‍ വെള്ളില കളത്തില്‍ അലവി മുസ്‌ലിയാരുടെയും, തിരൂരങ്ങാടിയില്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെയും വണ്ടൂരില്‍ കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാരുടെയും ദര്‍സുകളില്‍ പഠിച്ചു. ശേഷം അലനല്ലൂര്‍ മുണ്ടത്തു പള്ളിയില്‍ ദര്‍സ് ആരംഭിച്ചു. ഇതിനിടയില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ചു.
1920-21 കാലയളവിലായിരുന്നു അലനല്ലൂരില്‍ താമസിച്ചിരുന്നത്. ഗുരുനാഥനായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരില്‍ ആകൃഷ്ടനായി ദര്‍സ് നിര്‍ത്തി സ്വാതന്ത്ര്യ സമരരംഗത്ത് സജീവമായി. തന്റെ പ്രസംഗ പാടവം സമരാവേശം പടര്‍ത്താന്‍ ഉപയോഗപ്പെടുത്തി. ലഹള ശക്തിപ്പെട്ടപ്പോള്‍ ഇബ്‌റാഹീം മുസ്‌ലിയാരെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചു. തിരച്ചില്‍ നടക്കുന്നതിനിടെ അദ്ദേഹം വയനാട്ടിലേക്ക് രക്ഷപ്പെട്ടു. പിന്നീട് മൈസൂര്‍ വഴി ബോംബെയിലെത്തി. കല്യാണിലെ ഒരു പള്ളിയില്‍ ഇമാമും മുദരിസുമായി പത്തു മാസം കഴിച്ചുകൂട്ടി. പിന്നീട് വെല്ലൂര്‍ ലത്വീഫിയ്യയില്‍ ഉന്നതപഠനത്തിനു ചേര്‍ന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ച് ബോംബെയിലേക്കു തന്നെ മടങ്ങി. അബ്ദുല്‍ അസീസ് ഹസ്‌റത്തില്‍ നിന്നാണ് സനദ് സ്വീകരിച്ചത്.
നീണ്ട പത്തു വര്‍ഷക്കാലം ബോംബെയില്‍ വൈജ്ഞാനിക സേവനത്തിലും സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും കഴിച്ചുകൂട്ടി. അനന്തരം ഓമച്ചപ്പുഴ ഹാഫിള് അബൂബക്കര്‍ മുസ്‌ലിയാരെ മുദരിസായി നിയമിച്ച് നാട്ടിലേക്ക് തിരിച്ചു. പട്ടിക്കാട്, കരുവാരക്കുണ്ട്, മുള്ള്യാകുര്‍ശ്ശി, കിടങ്ങയം, മേല്‍മുറി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. മേല്‍മുറിയില്‍ ദര്‍സ് തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് രാമസിംഹന്‍ സംഭവമുണ്ടാകുന്നത്. ഇബ്‌റാഹീം മുസ്‌ലിയാര്‍ ചില തല്‍പര കക്ഷികളുടെ ഇടപെടല്‍ മൂലം പ്രതി ചേര്‍ക്കപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടയില്‍ വീണ്ടും ബോംബെയിലെത്തി. പീന്നീട് തിരിച്ചുവന്ന് കിടങ്ങയത്ത് ദര്‍സ് തുടര്‍ന്നു. മരിക്കുമ്പോള്‍ കായംകുളം ഹസനിയ്യ കോളേജ് പ്രിന്‍സിപ്പളായിരുന്നു.ഓമച്ചപ്പുഴ അബൂബക്കര്‍കുട്ടി മുസ്‌ലിയാര്‍, കെ.പി ബാപ്പുട്ടി മുസ്‌ലിയാര്‍ തലക്കടത്തൂര്‍, തഴവ മുഹമ്മദ്കുഞ്ഞി മൗലവി, ശിഹാബുദ്ദീന്‍ മൗലവി കൊല്ലം, കിടങ്ങയം പുഴക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, വാഴാമ്പുറം സെയ്താലി മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, മഞ്ഞപ്പെട്ടി എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ധര്‍മ്മടം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മമ്മാകുന്ന് അബ്ദുള്ള മുസ്‌ലിയാര്‍, ആലിപ്പറമ്പ് പാലോളി കുഞ്ഞീദു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്.
ഇബ്‌റാഹീം മുസ്‌ലിയാരുടെ രചനാ പാടവവും ഭാഷാ മികവും വിസ്മയകരമാണ്. കേരളത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന മൂന്നുവാള്യങ്ങളുള്ള കശ്ഫുന്‍ താരീഖിയ്യുന്‍ ലി തത്വവ്വുരി മലൈബാര്‍ അറബി മലയാളത്തിലെ ആദ്യ കേരള ചരിത്രമാണ്. മഖ്‌സനുല്‍ മുഫ്‌റദാത്ത് ഫിത്തിബ്ബ് പച്ച മരുന്നുകളുടെയും മറ്റു ഔഷധങ്ങളുടെയും നാമങ്ങളും ഫലങ്ങളും വിവരിക്കുന്ന വൈദ്യശാസ്ത്ര നിഘണ്ടുവാണ്. കിതാബുന്‍ ഫില്‍ ബുറൂജി വല്‍ മനാസിലി വസ്സബ്ഇസ്സയ്യാറ ഗോളശാസ്ത്ര പഠനമാണ്. അല്ലഫല്‍ അലിഫ് വ്യാഖ്യാനം, മന്‍ഖൂസ് മൗലിദ് അറബി വ്യാഖ്യാനം, തുഹ്ഫത്തുല്‍ ഹുജ്ജാജ്, അല്‍ ഖസ്വീദത്തുല്‍ ബദ്‌രിയ്യ, മൗലിദു ശറഹിസ്സുദ്ദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍ ബദ്ര്‍, കെ.എം മൗലവിയുടെ അല്‍വിലായത്തു വല്‍കറാമ എന്ന കൃതിയുടെ ഖണ്ഡനം, മൗലിദുന്‍ ഫീ മനാഖിബിന്നബിയ്യി, ബദ്‌രിയ്യത്തുല്‍ ഹംസിയ്യ, തെയ്യോട്ടുചിറ കമ്മു സൂഫി മൗലിദ്, മുഅ്ജമുല്ലുഗത്ത്(ഉര്‍ദു നിഘണ്ടു), ഖവാഇദെ ഉര്‍ദു തുടങ്ങിയവയാണ് മറ്റു കൃതികള്‍. പന്ത്രണ്ടോളം ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു.
നെല്ലിക്കുത്ത് എ.പി മുഹമ്മദലി മുസ്‌ലിയാര്‍ ജാമാതാവാണ്. 1951/1370 റബീഉല്‍ ആഖര്‍ 28-നായിരുന്നു വിയോഗം. കിടങ്ങയം ജുമുഅത്ത്പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.