എന്നാൽ ഈ വിഷയത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ എന്തിനാണ് കാലതാമസം വരുത്തിയത്? വർഗ്ഗീയതയ്ക്ക് പടർന്ന് പന്തലിക്കാൻ എല്ലാ ആയുധങ്ങളും നൽകുകയാണ് സർക്കാരും മുഖ്യമന്ത്രിയും. ഒരു മാസമായി സമരം നടക്കുന്നു. മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചുചേർക്കപ്പെട്ടിരുന്നു. "ഞങ്ങൾക്കിതിൽ അവകാശവാദങ്ങളില്ല, ജനങ്ങളെ കുടിയിറക്കരുത്, ഗവൺമെന്റിന് തീരുമാനം എടുക്കാം" എന്ന് പറഞ്ഞത് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നിട്ടും ഇന്നലെയാണ് മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തിയത്. സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ ഇത്രമാത്രം മലീമസമായ വർഗ്ഗീയ പ്രചാരണങ്ങൾ കേരളത്തിൽ നടക്കില്ലായിരുന്നു.
കേരളത്തിലെ സാമുദായിക അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിടുകയാണ് ബിജെപി. കേരള സർക്കാർ അവർക്ക് തണലാകുകയും ചെയ്യുന്നു. കുടിയിറക്കപ്പെടുമെന്ന അവരുടെ ആശങ്ക ഉടനടി പരിഹരിക്കാതെ കാലതാമസം വരുത്തിയതിലൂടെ സംഘപരിവാറിന് കേരള സർക്കാർ അവസരം കൊടുത്തു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടന്ന അക്രമങ്ങൾ സംബന്ധിച്ച് സംവാദം നടത്താൻ ബിജെപി, ആർഎസ്എസ് നേതാക്കൾ തയ്യാറുണ്ടോ? കഴിഞ്ഞ ഒന്നര വർഷമായി കത്തുന്ന മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രിയും ബിജെപിയും കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ നടത്തുന്ന ന്യായമായ സമരത്തിൽ ഇടപെട്ട് അതിന്റെ മറവിൽ കേരളത്തിൽ വർഗ്ഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ സർക്കാർ അതിന് വളം വച്ചു കൊടുത്തത് എന്തിനായിരുന്നു? മുഖ്യമന്ത്രി മറുപടി പറയണം.
-കെ.സി. വേണുഗോപാൽ എം പി