ആധുനികത എന്ന പ്രസ്ഥാനത്തിന്റെ പ്രധാന സ്വഭാവങ്ങളായ സ്വത്വനാശം, അന്യതാബോധം, അപമാനവീകരണം എന്നിവയെ മുന്‍നിര്‍ത്തിയും അവയ്ക്കാധാരമായ കേരളീയ സാഹചര്യങ്ങളായ കാര്‍ഷിക സംസ്‌കൃതിയില്‍നിന്നും മുതലാളിത്ത വ്യവസ്ഥിതിയിലേക്കുള്ള പരിണാമം, ഗ്രാമങ്ങളിലെ പ്രകൃതി പരിസരങ്ങളില്‍നിന്നും നഗരത്തിന്റെ കൃത്രിമവും യാന്ത്രികവുമായ ജീവിതസാഹചര്യങ്ങളിലേക്കുള്ള കുടിയേറ്റം, മൂല്യങ്ങളെ കയ്യൊഴിക്കല്‍ തുടങ്ങിയവയെ അവലംബിച്ചുമാണ് അക്കിത്തം നേരത്തെ ചൂണ്ടിക്കാട്ടിയ പണ്ടത്തെ മേശാന്തി, കൂടാതെ കരതലാമലകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തുടങ്ങിയ പല കവിതകളിലും ചിത്രീകരണം നിര്‍വ്വഹിച്ചിട്ടുള്ളത്.
ആധുനിക കാലത്തെ മനുഷ്യാവസ്ഥയുടെ ദുരന്തമുഖം ചിത്രീകരിച്ചുകൊണ്ട് പ്രകൃതിയൊരുക്കിയ സ്വാഭാവികമായ പരിസരങ്ങളില്‍നിന്നുമകന്ന് തികച്ചും ലൗകികവും യാന്ത്രികവുമായ വ്യവഹാരങ്ങളുടെ ഭാഗമാക്കിയും തല്‍ഫലമായി തീര്‍ത്തും അപമാനവീകരിക്കപ്പെട്ടും സ്വന്തം ചുറ്റുപാടുകളില്‍നിന്നു മാത്രമല്ല, താന്താങ്ങളുടെ സ്വത്വത്തില്‍നിന്നുപോലും അന്യവല്‍ക്കരിക്കപ്പെട്ടും അങ്ങനെ തനിക്കുതന്നെ അപരിചിതനായിത്തീര്‍ന്ന ആധുനിക മനുഷ്യന്റെ അവസ്ഥയെ എത്ര സരളമായും എന്നാല്‍, അര്‍ത്ഥഗര്‍ഭമാര്‍ന്ന വ്യംഗ്യാര്‍ത്ഥ സൂചനകളാലുമാണ് അക്കിത്തം കോറിയിട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍
എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീമഹാക്ഷേത്രവും മക്കളേ
നിങ്ങള്‍ തന്‍ കുണ്ഠിതം കാണ്‍മതില്‍ ഖേദമു-
ണ്ടെങ്കിലും നിന്ദപ്പതില്ലെന്‍ വിധിയെ ഞാന്‍
എന്ന പ്രസിദ്ധമായ വരികള്‍ സ്പഷ്ടമാക്കുന്നു. ഇതോടൊപ്പം നഷ്ടപ്പെട്ടതെന്തൊക്കെയെന്നോര്‍ത്ത് (അതോ നഷ്ടപ്പെടുത്തിയതോ) നിസ്സഹായനായി നില്‍ക്കുന്ന മനുഷ്യന്റെ പരാധീനതകളേയും വളരെ ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്ന സമീപനവും അക്കിത്തത്തിന്റെ രചനാരീതിയുടെ മൗലികത വെളിപ്പെടുത്തുന്ന ഘടകമാണ്. അവയെ കേവലമായ വര്‍ണ്ണനകളുടെ തലങ്ങള്‍ക്കപ്പുറം ചെന്ന് ദാര്‍ശനികതയുടെ തലങ്ങളിലേക്കുയര്‍ത്താനും ആ ദര്‍ശനത്തെ ഒട്ടും തന്നെ ദുര്‍ഗ്രാഹ്യത കൂടാതെ ആവിഷ്‌കരിക്കാനുമുള്ള അക്കിത്തത്തിന്റെ വൈഭവം കാരണമാണ് അദ്ദേഹം ഇതര ആധുനികരില്‍നിന്നും വേറിട്ടുനില്‍ക്കുന്നതെന്ന് വ്യക്തമായി പറയാം. ഇതിനുദാഹരണമാണ് ആധുനികതയുടേയും വികസനത്തിന്റേയും പേരില്‍ മനുഷ്യന്‍ തീര്‍ത്ത മൂല്യരാഹിത്യത്തിന്റേയും സര്‍വ്വനാശത്തിലേക്കു നയിക്കുന്നതുമായ പുരോഗതിയെന്നു പേരിട്ടു വിളിക്കുന്ന നാഗരികതയുടെ കണ്ണഞ്ചിപ്പിക്കുന്ന പുറംകാഴ്ചകളുടെ പൊള്ളത്തരത്തേയും പ്രതിസന്ധികളേയും വളരെ പ്രതീകാത്മകതയോടെ ചൂണ്ടിക്കാട്ടുന്നതും ഇന്ന് ഒരു പഴഞ്ചൊല്ലുപോലെയായി മാറിക്കഴിഞ്ഞതുമായ
കരഞ്ഞുചൊന്നേന്‍ ഞാനന്ന്
ഭാവിപൗരനോടിങ്ങനെ
“വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം”
എന്ന വരികള്‍.
ഇത്തരത്തില്‍ ഔചിത്യദീക്ഷ ഉള്‍ക്കൊണ്ടും വ്യംഗ്യാര്‍ത്ഥ സൂചനകള്‍ പ്രയോഗിച്ചും ദാര്‍ശനിക ദീപ്തി പ്രകാശിപ്പിച്ചും നിര്‍വ്വഹിച്ച രചനാരീതിയാണ് അക്കിത്തത്തിന്റെ കാവ്യസപര്യയ്ക്ക് ഐതിഹാസികമായ മികവും ശോഭയും നല്‍കിയതെന്ന് അസന്ദിഗ്ദ്ധമായിത്തന്നെ പറയാം. ഒരേ സമയം സരളവും ഗഹനവുമായി നമ്മെ അനുഭവപ്പെടുത്തുകയും ക്ഷണനേരം കൊണ്ട് തമ്മില്‍ ഉദാത്തമായ കാവ്യാനുഭൂതിയുടെ ഭാവതലങ്ങള്‍ പകരുന്നതുമായുള്ള ആ സിദ്ധിവിശേഷത്തെ സഹൃദയരായ വായനക്കാര്‍ക്ക് എത്ര പ്രണമിച്ചാലും മതിവരില്ല.
(IAS മലയാളം)