ഈ സാഹചര്യത്തിലാണ് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ വസ്തുക്കള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വച്ചുകൊണ്ട് 'സുഭിക്ഷം സുരക്ഷിതം' എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നത്. പദ്ധതിയിന്‍ കീഴില്‍ ഈ വര്‍ഷം 84,000 ഹെക്ടര്‍ വിസ്തൃതിയില്‍ ജൈവ കൃഷി നടപ്പില്‍ വരുത്തുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത് .
ഇതില്‍ 100 ദിന കർമ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 5000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ലക്ഷ്യമിട്ടിരുന്നു. ഇതിനകം 14 ജില്ലകളിലായി ആകെ 23,566 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികള്‍, നെല്ല്, വാഴ, കിഴങ്ങുവര്‍ഗ്ഗവിളകള്‍ എന്നിവ 'സുഭിക്ഷം സുരക്ഷിതം' പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
വിവിധ കാര്‍ഷിക കൂട്ടായ്മകളിലൂടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും ജൈവ ഉല്പാദനോപാധികളും നിര്‍മ്മിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനും സാധിച്ചു. പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിൽ വിത്തിനങ്ങൾ ഉപയോഗിച്ച് പച്ചക്കറി കൃഷിയും നെൽ കൃഷിയും ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പ്രകൃതി കൃഷിയുടെ വിവിധ കൃഷി രീതികൾ അവലംബിച്ച് കര്‍ഷകരുടെ കൃഷിയിടങ്ങളിൽ മാതൃക തോട്ടങ്ങൾ നടപ്പിലാക്കി.
ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുത്ത ഹൈപവര്‍ കമ്മിറ്റിയിലെ കര്‍ഷക പ്രതിനിധികൾക്ക് പരിശീലനങ്ങൾ നൽകുകയും ഇവരിലൂടെ പദ്ധതിയിൽ ഉല്പാദിപ്പിക്കേണ്ട ജൈവ കൂട്ടുകളുടെ ഉല്പാദന രീതികൾ മറ്റ് കര്‍ഷകര്‍ക്ക് പകര്‍ന്ന് നൽകുകയും ചെയ്തു. ഓണ കാലയളവിൽ ഈ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ 'സുഭിക്ഷം സുരക്ഷിതം' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് ഇക്കോഷോപ്പുകൾ, ആഴ്ച ചന്ത, ഓണ മാര്‍ക്കറ്റ് എന്നിവിടങ്ങളിലൂടെ വിപണനം നടത്തി. പദ്ധതിയുടെ നടത്തിപ്പിലൂടെ പ്രത്യക്ഷമായി 17,280 ഉം പരോക്ഷമായി 95,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു.
പിണറായി വിജയൻ
മുഖ്യമന്ത്രി